Type Here to Get Search Results !

ആകാശം കീഴടക്കാനൊരുങ്ങി ഫിദ ഫാത്തിമ; പൈലറ്റ് പ്രവേശന പരീക്ഷയില്‍ 27ാം റാങ്ക്

കുട്ടിക്കാലത്ത് കടലാസ് വിമാനം പറത്തിക്കളിച്ചിരുന്ന ഫിദ ഫാത്തിമ ഇപ്പോള്‍ പൈലറ്റ് എന്ന സ്വപ്നത്തിനരികെ.ഇന്ത്യയിലെ പ്രമുഖ പൈലറ്റ് പരിശീലന സ്ഥാപനമായ ഉത്തര്‍പ്രദേശിലെ ഇഗ്രോ അക്കാദമിയില്‍ തിളങ്ങുന്ന വിജയത്തോടെ പ്രവേശനം ഉറപ്പിച്ചിരിക്കുകയാണ് ഈ 20 കാരി.

തുവ്വൂര്‍ മരുതത്തിലെ കര്‍ഷകനായ പറവെട്ടി അബൂ ജുറൈജിന്റെ മകളാണ് ഫിദ ഫാത്തിമ. തുവ്വൂര്‍ ഗവ.ഹയര്‍ സെക്കൻഡറി സ്കൂളില്‍ പ്ലസ് ടുവിന് പഠിക്കുമ്ബോഴാണ് പൈലറ്റ് മോഹം വീണ്ടും ഉദിക്കുന്നത്. ട്യൂഷൻ മാസ്റ്ററായ ജയനും സോഫ്റ്റ്‌വെയര്‍ എൻജിനീയറായ പിതൃ സഹോദര പുത്രൻ സഹലും വഴികാട്ടികളായി. 

മാതാപിതാക്കള്‍ പ്രോത്സാഹനവുമായി ഒപ്പംനിന്നതോടെ അമേത്തി ഫുര്‍സത്ഗഞ്ചിലെ ഇന്ദിരാഗാന്ധി രാഷ്ട്രീയ ഉറാൻ അക്കാദമിയുടെ പ്രവേശന പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്തു. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കീഴിലുള്ള അക്കാദമിയില്‍ 120 സീറ്റാണുള്ളത്. 

പരിശീലന കോഴ്സുകള്‍ക്കൊന്നും പോകാതെ സ്വയം പഠിച്ചെഴുതി 27ാം റാങ്ക് നേടി. പരിശീലനത്തിന് അമേത്തിയിലേക്ക് പോകാനുള്ള ഒരുക്കത്തിലാണ് ഫിദ. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ അടക്കം പ്രമുഖര്‍ ഫിദയെ അഭിനന്ദനമറിയിച്ചു. സക്കീനയാണ് മാതാവ്. രണ്ട് സഹോദരങ്ങളുണ്ട്.